അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് ധാമിലും കാണിക്ക തട്ടിപ്പ് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര സമിതി

ബദരീനാഥ്

അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്കപ്പണവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങൾക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ധാമിലും സമാനമായ രീതിയിൽ കാണിക്കപ്പണം തിരിമറി നടത്തിയതായി ആരോപണം. സംഭവത്തിൽ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി (BKTC) അന്വേഷണത്തിന് ഉത്തരവിട്ടു.

​സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന ആരോപണങ്ങളെ ക്ഷേത്ര സമിതി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ട്.

​ആരോപണങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ക്ഷേത്ര സമിതി അറിയിച്ചു. ലഭ്യമായ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ട വ്യക്തികളുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബികെടിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗാഡ് അറിയിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയാൽ 1939-ലെ ശ്രീ ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും, അന്വേഷണം പൂർത്തിയാകുന്നതുവരെ വ്യാജമായ ആരോപണങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags

Share this story