രാഹുൽ ഗാന്ധിക്ക് പിന്നാലെ മറ്റൊരു ലോക്‌സഭാ എംപി കൂടി അയോഗ്യനാകുന്നു

National

രാഹുൽ ഗാന്ധിക്ക് പിന്നാലെ മറ്റൊരു ലോക്‌സഭാ എംപി കൂടി അയോഗ്യനാകുന്നു. ബഹുജൻ സമാജ് പാർട്ടി എംപി അഫ്‌സൽ അൻസാരിയെ ഉത്തർ പ്രദേശിലെ കോടതി നാല് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2011 ലെ ഉസ്രി ഛട്ടി ഗാംഗ് വാർ കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. അഫ്‌സലിന്റെ സഹോദരൻ മുഖ്താർ അൻസാരിയെ പത്ത് വർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

തനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സംസ്ഥാനത്ത് ഗൂണ്ടാ വാഴ്ച അവസാനിച്ചുവെന്നുമാണ് മരിച്ച കൃഷ്ണാനന്ദ റായിയുടെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു ലോക്‌സഭാംഗത്തെ രണ്ട് വർഷത്തിൽ കൂടുതൽ തടവിന് ശിക്ഷിച്ചാൽ അയാൾ സ്വാഭാവികമായി അയോഗ്യനാകുമെന്നാണ് പാർലമെന്റ് ചട്ടം. 2019 ൽ സൂറത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് വിധിക്കപ്പെട്ട രാഹുൽ ഗാന്ധിയും അയോഗ്യനാകുന്നത് ഇതേ ചട്ടം കാരണമായിരുന്നു.

Share this story