ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ: പരിഗണനയിൽ നിരവധി പേരുകൾ

മോദി 3.0

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ നേത്യത്വം നിലവിൽ വന്നതിന് പിന്നാലെ കേന്ദ്രമന്ത്രി സഭയിലും അഴിച്ചുപണിക്ക് നീക്കം. പാർട്ടിയിൽ പുതിയ ചുമതലകൾ ഏറ്റെടുത്ത മന്ത്രിമാർക്കും രാജ്യസഭാ കാലാവധി അവസാനിക്കുന്നവർക്കും പകരം പുതിയ സഖ്യകക്ഷി പ്രതിനിധികളെയും യുവമുഖങ്ങളെയും ഉൾപ്പെടുത്താനാണ് ആലോചനയെന്നാണ് വിവരം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അതിന് മുൻപ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും പരിഗണിച്ചാകും പുനഃസംഘടന.

പ്രധാനമന്ത്രിയടക്കം നിലവിൽ 69 അംഗങ്ങളാണ് കേന്ദ്രമന്ത്രി സഭയിലുള്ളത്. ഭരണഘടനപ്രകാരം മന്ത്രിസഭയിൽ പരമാവധി 81 അംഗങ്ങളാകാം. ഇതോടെ 12 മന്ത്രിസ്ഥാനങ്ങൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. പേപ്പർ ചോർച്ചയ്‌ക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിനിടെയായിരുന്നു രാജി. ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും റെയ്ൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു.

പാർട്ടിയിൽ പുതിയ സംഘടനാ ചുമതലകൾ ലഭിച്ച മന്ത്രിമാരും മന്ത്രിസഭയിൽ നിന്ന് മാറാൻ സാധ്യതയുണ്ട്. ഹർഷ് മൽഹോത്ര ഡൽഹി ബിജെപി അധ്യക്ഷനായും പങ്കജ് ചൗധരി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനായും ചുമതലയേറ്റിട്ടുണ്ട്. കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ ബിജെപിയുടെ ട്രഷററായും നിയമിച്ചിട്ടുണ്ട്.

പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും സാമൂഹികനീതി സഹമന്ത്രി ബി.എൽ. വർമ്മയുടെയും രാജ്യസഭാ കാലാവധി നവംബറിൽ അവസാനിക്കും. പ്രകടനം വിലയിരുത്തിയും ചില മന്ത്രിമാരെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം?

പ്രായവും മന്ത്രിസഭാ പുനഃസംഘടനയിൽ പ്രധാന ഘടകമാകുമെന്നാണ് സൂചന. മോദി 3.0 അധികാരത്തിലെത്തിയ 2024ൽ 51–70 പ്രായപരിധിയിലുള്ളവർ മന്ത്രിസഭയിൽ 65 ശതമാനത്തിലേറെയായിരുന്നു. നിലവിൽ 70 വയസിന് മുകളിലുള്ള കുറഞ്ഞത് 12 കേന്ദ്രമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമുണ്ട്.

81കാരനായ ജിതൻ റാം മാഞ്ചിയാണ് നിലവിലെ ഏറ്റവും പ്രായം കൂടിയ കേന്ദ്രമന്ത്രി. ആന്ധ്രപ്രദേശിൽ നിന്നുള്ള ടിഡിപി നേതാവ് കെ. രാം മോഹൻ നായിഡുവാണ് 38 വയസുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏത് സംസ്ഥാനങ്ങൾക്ക് പരിഗണന?

ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായാണ് വിവരം. അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിലും തുടർന്ന് ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് ഇപ്പോൾ 13 എംപിമാരുണ്ട്. അദ്ദേഹത്തിന്‍റെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ പേരും കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.

പഞ്ചാബിലും സഖ്യരാഷ്ട്രീയത്തിലും നീക്കങ്ങൾ

ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ഏഴ് രാജ്യസഭാംഗങ്ങളുടെ സംഘത്തിനും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചേക്കാം. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ശിരോമണി അകാലിദൾ–ബിജെപി സഖ്യം വീണ്ടും രൂപപ്പെടാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. 2020ൽ കർഷക നിയമങ്ങളുടെ പേരിലാണ് ഹർസിമ്രത് കൗർ ബാദൽ മോദി മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് മാറി എൻസിപിഐയിൽ ചേർന്ന് എൻഡിഎയെ പിന്തുണയ്ക്കുന്ന കകോളി ഘോഷ് ദസ്തിദാറിന്‍റെ നേതൃത്വത്തിലുള്ള എംപിമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

തമിഴ്നാട്ടിലെ ഡിഎംകെ എൻഡിഎയിലേക്ക് എത്തുമെന്ന ചർച്ചകളും മഹാരാഷ്ട്രയിലെ എൻസിപിയിൽ ശരദ് പവാർ വിഭാഗവുമായി പുനഃസംയോജനം ഉണ്ടായാൽ കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അതേസമയം അഭ്യൂഹങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല.

മന്ത്രിമാരുടെ അധിക ചുമതലകളും കുറയ്ക്കും

നിലവിൽ 14 മന്ത്രിമാർ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. മന്ത്രിസഭാ അഴിച്ചുപണിയിലൂടെ ഇവരുടെ അധിക ചുമതലകളിൽ ചിലത് പുനഃവിതരണം ചെയ്യാനും സാധ്യതയുണ്ട്.

അമിത് ഷാ (ആഭ്യന്തര, സഹകരണ മന്ത്രാലയങ്ങൾ), ജെ.പി. നഡ്ഡ (ആരോഗ്യം, രാസവളം), ശിവരാജ് സിങ് ചൗഹാൻ (കൃഷി, ഗ്രാമവികസനം), അശ്വിനി വൈഷ്ണവ് (റെയ്ൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ്–ഐടി) തുടങ്ങിയവർ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരിൽ ഉൾപ്പെടുന്നു.

Tags

Share this story