'അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതി, ഇടപെടാനാകില്ല'; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

Delhi high Corut

അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു നടപടി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ എത്തുകയും സുപ്രീം കോടതി എല്ലാ കേസുകളുടെയും വാദം ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.

കേരളം, പഞ്ചാബ്, ഹരിയാന, പട്‌ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് പരിഗണനയിലുള്ള അഗ്നിപഥിനെതിരായ പൊതുതാൽപര്യ ഹർജികൾ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കിൽ ഡൽഹി ഹൈക്കോടതി തീരുമാനം വരുന്നതുവരെ തീർപ്പുകൽപ്പിക്കാതെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആവിഷ്കരിച്ചത്.

17 മുതൽ 21 വരെ ഇടയിലുള്ളവർക്കാണ് നാല് വർഷത്തെ സൈനിക സേവനത്തിന് അനുമതി നൽകുന്ന പദ്ധതി. ഇവരിൽ 25 ശതമാനം പേർ പിന്നീട് സ്ഥിരമായി സർവീസിൽ നിർത്തും. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 23 ആയി സർക്കാർ ഉയർത്തി.

Share this story