ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

നേപ്പാൾ

ഇന്ത്യൻ സൈന്യത്തിലെ ‘അഗ്നിപഥ്’ പദ്ധതി വഴി നേപ്പാളി യുവാക്കളെ ‘അഗ്നിവീർ’ ആയി റിക്രൂട്ട് ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ  പ്രകടനം. നേപ്പാളിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ പോഖറയിൽ മുൻ ഗോർഖ സൈനികരും അവരുടെ കുടുംബാംഗങ്ങളും ആയിരക്കണക്കിന് യുവാക്കളും തെരുവിലിറങ്ങിയാണ് നേപ്പാൾ സർക്കാരിനെതിരെ പ്രകടന റാലി സംഘടിപ്പിച്ചത്. 50 ഡിഗ്രി സെൽഷ്യസ് കൊടുംചൂടിൽ ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ ശമ്പളത്തിൽ കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ നൂറുമടങ്ങ് സുരക്ഷിതവും മാന്യവുമാണ് ഇന്ത്യൻ സൈന്യത്തിലെ സേവനമെന്ന് പ്രക്ഷോഭകർ വ്യക്തമാക്കി.

ഇന്ത്യൻ ആർമി ചീഫ് ജനറൽ ധീരജ് സേത്ത് ഓഗസ്റ്റ് 16 മുതൽ നടത്തുന്ന നേപ്പാൾ സന്ദർശനത്തിന് തൊട്ടുമുമ്പാണ് പോഖറയിൽ പ്രകടനം രൂക്ഷമായത്. ‘ഇന്ത്യൻ എക്സ്-സർവീസ്മെൻ ഗോർഖ ബ്രിഗേഡ് നേപ്പാൾ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പോഖറ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തി ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർക്ക് നിവേദനം സമർപ്പിച്ചത്. തൊഴിലവസരങ്ങൾ പരിമിതമായ നേപ്പാളിൽ ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്നത് ആയിരക്കണക്കിന് യുവാക്കളുടെ പ്രധാന പ്രതീക്ഷയാണെന്നും അത് തടയരുതെന്നും ഇവർ കാഠ്മണ്ഡുവിലെ ബാ ലേന്ദ്ര ഷാ സർക്കാരിനോട് ആവശ്യപ്പെട്ടു.

2019-ൽ കോവിഡ് മഹാമാരിയെ തുടർന്നാണ് നേപ്പാളി യുവാക്കളുടെ ഇന്ത്യൻ സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് താത്കാലികമായി നിർത്തിവെച്ചത്. തുടർന്ന് 2022-ൽ കേന്ദ്ര സർക്കാർ നാല് വർഷത്തെ സേവന കാലാവധിയുള്ള അഗ്നിപഥ് പദ്ധതി കൊണ്ടുവന്നതോടെ, 1947-ലെ ഇന്ത്യ-നേപ്പാൾ-ബ്രിട്ടൻ ത്രികക്ഷി കരാറിന് വിരുദ്ധമാണെന്ന് ആരോപിച്ച് നേപ്പാൾ സർക്കാർ പുതിയ റിക്രൂട്ട്‌മെന്റുകൾ പൂർണ്ണമായും തടയുകയായിരുന്നു. നാല് വർഷത്തിന് ശേഷം 25 ശതമാനം പേരെ മാത്രം നിലനിർത്തി ബാക്കി 75 ശതമാനം പേരെ വിരമിക്കൽ ആനുകൂല്യങ്ങളോടെ ഒഴിവാക്കുന്നതിലായിരുന്നു നേപ്പാൾ സർക്കാരിന് എതിർപ്പ്. എന്നാൽ അഗ്നിവീർ വഴി നാല് വർഷം കൊണ്ട് 45 മുതൽ 50 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കുമെന്നും ഇത് യുവാക്കളുടെ ഭാവിക്കും സാമ്പത്തിക പുരോഗതിക്കും ഏറെ സഹായകരമാണെന്നുമാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.

Tags

Share this story