ജാൻവി കപൂറിനെതിരെയുള്ള എഐ ഡീപ്ഫേക്ക് പ്രചരണം: ശക്തമായ പ്രതിഷേധവുമായി ജൂനിയർ എൻടിആർ; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
നടി ജാൻവി കപൂറിനെയും താനെയും ഉൾപ്പെടുത്തി നിർമ്മിച്ച എഐ (AI) നിർമ്മിത ഡീപ്ഫേക്ക് വീഡിയോകൾക്കെതിരെ രൂക്ഷവിമർശനവുമായി തെലുങ്ക് താരം ജൂനിയർ എൻടിആർ. 'ദേവര' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ "ചുട്ടമല്ലെ"യിലെ രംഗങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയാണ് താരം രംഗത്തെത്തിയത്.
വനിതകളെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്തുന്ന ഇത്തരം നീചമായ പ്രവർത്തികൾ അനുവദിക്കാനാകില്ലെന്നും വ്യാജ വീഡിയോകൾ ഉണ്ടാക്കുന്നവർക്കും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എൻടിആർ വ്യക്തമാക്കി.
എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശനമായ നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വ്യാജ ദൃശ്യങ്ങൾ കാണുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് ആരാധകരോടും പൊതുജനങ്ങളോടും താരം അഭ്യർത്ഥിച്ചു.
സാങ്കേതികവിദ്യയെ വ്യക്തിഹത്യക്കായി ദുരുപയോഗം ചെയ്യുന്ന രീതി വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സിനിമാ മേഖലയിലുള്ളവർക്കും പൊതുജനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
