എയർ ഇന്ത്യ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരണം; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ ക്യാപ്റ്റന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്

ആകാശ ചുഴി

ന്യൂഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ (AI2379) വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടത്തിൽപ്പെട്ട സംഭവത്തിൽ പൈലറ്റിന്റെ പരിശോധനാ ഫലം പോസിറ്റീവ്. വിമാനം പറത്തിയ ക്യാപ്റ്റൻ നിരോധിത ലഹരിവസ്തുവായ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി രണ്ടാമത്തെ (സ്ഥിരീകരണ) പരിശോധനയിലും തെളിഞ്ഞു. ആദ്യ ലാബ് പരിശോധനയിൽ ലഭിച്ച സംശയാസ്പദമായ ഫലത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷൻ (DGCA) സാമ്പിളുകൾ കൂടുതൽ വിശദമായ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

​ഓഗസ്റ്റ് 4-നാണ് 137 യാത്രക്കാരും 8 ജീവനക്കാരുമായി സഞ്ചരിച്ച എയർബസ് എ320 വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ അപ്രതീക്ഷിതമായി 300 അടിയോളം താഴേക്ക് പതിച്ചത്. സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്തുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

​അന്വേഷണം ശക്തമാക്കി DGCA

​ഡൽഹിയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ ജീവനക്കാരെ പോസ്റ്റ്-ഫ്ലൈറ്റ് ഉത്തേജക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പരിശോധനാ ഫലം പുറത്തുവന്നതോടെ അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.

​വ്യോമയാന മന്ത്രാലയവും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (AAIB) സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ആകാശച്ചുഴിയാണോ അതോ സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന്റെ നിയന്ത്രണം കൈകൊണ്ട് ഏറ്റെടുത്തപ്പോൾ സംഭവിച്ച പിഴവാണോ അപകടത്തിന് കാരണമെന്നും സംഘം പരിശോധിച്ച് വരികയാണ്. ലഹരി പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടത് ഗുരുതര വീഴ്ചയായി കണ്ട് വ്യോമയാന മന്ത്രാലയം കർശന നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്. 

Tags

Share this story