അൽഗോരിതങ്ങളും പ്ലാറ്റ്‌ഫോം മാനദണ്ഡങ്ങളും: കേന്ദ്ര ചോദ്യം ചെയ്യലിൽ രണ്ടാം ദിവസവും മെറ്റ
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ ഉള്ളടക്ക വിതരണ അൽഗോരിതങ്ങൾ (Algorithms), വ്യാജ അക്കൗണ്ടുകൾ, പ്രാദേശിക നിയമങ്ങൾ പാലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്‌ക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടർന്നു. മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സ് തലവൻ ജോയൽ കാപ്ലൻ ഉൾപ്പെടെയുള്ള ആഗോള സംഘവുമായി കേന്ദ്ര ഐടി മന്ത്രാലയം തുടർച്ചയായ രണ്ടാം ദിനവും ചർച്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി താത്കാലികമായി നീക്കം ചെയ്തതും, പ്ലാറ്റ്‌ഫോമുകളിൽ ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM), ഡീപ്പ്ഫെയ്ക്കുകൾ എന്നിവയുടെ വ്യാപനവും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. അൽഗോരിതങ്ങൾ വഴി ചില പ്രത്യേക ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിലും വ്യാജ അക്കൗണ്ടുകൾ തടയുന്നതിലും പ്ലാറ്റ്‌ഫോമിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്.
സംഭവിച്ച പിഴവുകളിൽ മെറ്റ ഖേദം പ്രകടിപ്പിക്കുകയും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ വെറുമൊരു മാപ്പപേക്ഷ കൊണ്ട് കാര്യമില്ലെന്നും, ഇന്ത്യൻ നിയമങ്ങൾ പൂർണ്ണമായി പാലിച്ചില്ലെങ്കിൽ ഐടി നിയമത്തിലെ 'സേഫ് ഹാർബർ' (Intermediary Protection) സംരക്ഷണം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
