ആലിൻ യാത്രയായത് അവയവദാനത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി; മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

Manki

അഞ്ച് പേർക്ക് പുതുജീവനേകി മടങ്ങിയ പത്തനംതിട്ടയിലെ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവയവദാനത്തിന്റെ പ്രാധാന്യം എന്തെന്ന് ഓർമ്മപ്പെടുത്തിയാണ് ആലിൻ യാത്രയായതെന്ന് പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ ദുഃഖം മറ്റൊന്നില്ല. ആഴമേറിയ ദുഃഖത്തിന് ഇടയിലും ആലിൻ വിട പറയുന്നത് മറ്റുള്ളവർക്ക് ജീവൻ നൽകി കൊണ്ടാണ്. മാതാപിതാക്കളുടെ ത്യാഗത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ആലിനിലൂടെ വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആലിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന്‍ മാറി. ആലിന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതുജീവിതം ലഭിച്ചത്.

Tags

Share this story