ജനവിരുദ്ധ ബിജെപിയെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാർ; പ്രഖ്യാപനവുമായി ഖാർഗെ

kharge

എഐസിസി പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് റായ്പൂരിൽ തുടക്കമായി. സമ്മേളന നഗരിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പതാക ഉയർത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തോളം നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഖാർഗെക്ക് കൈമാറി. 

മൂന്ന് പ്രമേയങ്ങളിലാണ് ഇന്ന് ചർച്ച നടക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലാണ് പ്രമേയാവതരണം. നാളെ മൂന്ന് പ്രമേയങ്ങൾ അവതരിപ്പിക്കും. നാളെ വൈകുന്നേരത്തെ റാലിയോടെ പ്ലീനറി സമ്മേളനം അവസാനിക്കും. താഴെ തട്ടിൽ പാർട്ടി ദുർബലമാണെന്നാണ് ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട്. സംസ്ഥാന ഘടകങ്ങളിലെ ഭിന്നത പാർട്ടിയുടെ വളർച്ചക്ക് തടസ്സമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു. ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ്. പ്ലീനറി സമ്മേളനം അലങ്കോലമാക്കാൻ ബിജെപി ശ്രമം നടത്തി. അതിന്റെ ഭാഗമായിരുന്നു ഛത്തിസ്ഗഢിലെ ഇ ഡി റെയ്ഡ്. ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. 

രാജ്യത്തെ ആക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി. ജനവിരുദ്ധ ബിജെപി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യുമെന്നും ഖാർഗെ പ്രഖ്യാപിച്ചു.
 

Share this story