സ്ഥാനാർഥിത്വം പിൻവലിക്കാൻ അമിത് ഷാ നിർദേശിച്ചു, പറ്റില്ലെന്ന് ഞാൻ പറഞ്ഞു: കെ എസ് ഈശ്വരപ്പ

കർണാടകയിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്നും പിൻമാറണമെന്ന് അമിത് ഷാ തന്നോട് ആവശ്യപ്പെട്ടുവെന്ന് മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ. എന്നാൽ താൻ ഇല്ലെന്ന് പറഞ്ഞെന്നും മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ഈശ്വരപ്പ വ്യക്തമാക്കി

കർണാടകയിൽ പ്രചാരണത്തിന് എത്തിയ അമിത് ഷാ തന്നെ വിളിച്ച് സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെയും അമിത് ഷാ വിളിച്ചു. മുതിർന്ന നേതാവായ നിങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അതിശയിപ്പിക്കുന്നുവെന്ന് ഷാ പറഞ്ഞു

നാമനിർദേശ പത്രിക പിൻവലിക്കാനും തന്റെ എല്ലാ ആവശ്യങ്ങളും വരും ദിവസങ്ങളിൽ പരിഗണിക്കാമെന്നും അമിത് ഷാ പറഞ്ഞു. ബുധനാഴ്ച ഡൽഹിയിൽ വന്ന് കാണാനും അദ്ദേഹം നിർദേശിച്ചു. വരാമെന്ന് താൻ സമ്മതിച്ചെന്നും എന്നാൽ തീരുമാനം പിൻവലിക്കാൻ സമ്മർദം ചെലുത്തരുതെന്നും അമിത് ഷായോട് പറഞ്ഞതായും ഈശ്വരപ്പ വ്യക്തമാക്കി. 

ഹാവേരിയിൽ മകൻ കാന്തേഷിന് ടിക്കറ്റ് നിഷേധിച്ചതോടെയാണ് ഷിമോഗയിൽ സ്വതന്ത്രനായി മത്സരിക്കാൻ ഈശ്വരപ്പ തീരുമാനിച്ചത്. മുതിർന്ന നേതാവ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി.
 

Share this story