അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനം; ചൈനയുടെ എതിര്‍പ്പ് തള്ളി ഇന്ത്യ

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള ചൈനയുടെ എതിര്‍പ്പിനെ തള്ളി ഇന്ത്യ. അതിര്‍ത്തി സംസ്ഥാനം, എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദര്‍ശനങ്ങളെ എതിര്‍ക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇതിലൂടെ യാഥാര്‍ത്ഥ്യത്തെ മാറ്റാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം, ബീജിംഗിന്റെ പ്രാദേശിക പരമാധികാരത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ചൈന രംഗത്തെത്തിയിരുന്നു. 'ചൈനീസ് ഔദ്യോഗിക വക്താവിന്റെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ നേതാക്കള്‍ അരുണാചല്‍ പ്രദേശിലേക്കും യാത്ര ചെയ്യാറുണ്ട്.' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കും. ഇത്തരം സന്ദര്‍ശനങ്ങളെ എതിര്‍ക്കുന്നത് യുക്തിസഹമല്ല, ഇത് യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യന്‍ നേതാവിന്റെ സാങ്നാനിലേക്കുള്ള (തെക്കന്‍ ടിബറ്റ്) സന്ദര്‍ശനം ചൈനയുടെ പ്രാദേശിക പരമാധികാരത്തെ ലംഘിക്കുന്നു. അതിര്‍ത്തിയിലെ സമാധാനത്തിനും ഇത് യോജിച്ചതല്ല' എന്നാണ് ഷായുടെ സന്ദര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞത്. അതേസമയം ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ നോട്ടമിടാനും നമ്മുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറാനും ആരും ധൈര്യപ്പെടില്ലെന്ന് അമിതാ ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമമായ കിബിത്തൂവില്‍ സംസാരിക്കവെയായിരുന്നു ചൈനയോടുളള ഷായുടെ മറുപടി. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ആര്‍ക്കും കയ്യേറാവുന്ന യുഗം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു