കോളിഫ്‌ളവർ മോഷ്ടിച്ചെന്ന് ആരോപിച്ച് വൃദ്ധമാതാവിനെ മകൻ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു

coli

കോളിഫ്ളവർ മോഷ്ടിച്ചതിന് പ്രായമായ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ശത്രുഘ്‌ന മഹന്ത (39) എന്നയാൾ അറസ്റ്റിലായി.  മർദനമേറ്റ വൃദ്ധയായ മാതാവ് ചികിത്സ തേടാൻ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മകന്റെ മർദനമേറ്റെന്നറിഞ്ഞ ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസെത്തി വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. പരാതി ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ മഹന്തയെ പൊലീസ് അറസ്റ്റുചെയ്തു.

വയോധിക ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു.  സർക്കാർ റേഷനും നാട്ടുകാരുടെ സഹായവും കൊണ്ടാണ് ഇവർ ജീവിക്കുന്നത്. ഈയിടെ പണത്തിന് അത്യാവശ്യം വന്നതോടെ അടുത്തുള്ള മകന്റെ കൃഷിയിടത്തിൽ നിന്ന് ഒരു കോളിഫ്ളവർ മാതാവ് അയൽവാസിക്ക് വിറ്റു. സംഭവമറിഞ്ഞ മകൻ മാതാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മകന്റെ ക്രൂരകൃത്യത്തിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

Share this story