അരാജകത്വം പുതിയ സാധാരണ അവസ്ഥയായി മാറിയിരിക്കുന്നു; ധർമേന്ദ്ര പ്രധാനെ പുറത്താക്കി മാതൃക കാട്ടണമെന്ന് മോദി സർക്കാരിനോട് കോക്രോച്ച് ജനതാ പാർട്ടി

CJP

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ഡാറ്റാ ലംഘനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP). വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃക കാണിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.

​നീറ്റ് (NEET), സിബിഎസ്ഇ (CBSE) വിവാദങ്ങൾക്ക് പിന്നാലെ ഐഐടി റൂർക്കിയിൽ (IIT Roorkee) നിന്നുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്ന വാർത്ത കൂടി പുറത്തുവന്നതോടെയാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം സിജെപി ശക്തമാക്കിയത്. വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും അന്തസ്സിനെയും ഭാവിയെയും തകർക്കുന്ന വ്യവസ്ഥാപിത പരാജയമാണെന്ന് സിജെപി മുഖ്യ വക്താക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പേപ്പർ ചോർച്ചയും അശാസ്ത്രീയമായ മൂല്യനിർണ്ണയവും രാജ്യത്ത് ഇപ്പോൾ ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണെന്നും ഇതിന് ആരും ഉത്തരവാദികളാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

​വിദ്യാഭ്യാസ മേഖലയിലെ ഉയർന്ന പദവികളിൽ ശാസ്ത്രബോധവും യോഗ്യതയുമുള്ള ആളുകളെ നിയമിക്കുന്നതിന് പകരം ഗംഗാജലത്തെക്കുറിച്ച് ഗവേഷണം നടത്തുമെന്ന് പറയുന്നവരെയും, വ്യാജ ബിരുദ ആരോപണങ്ങൾ നേരിടുന്നവരെയുമാണ് സർക്കാർ പ്രതിഷ്ഠിക്കുന്നതെന്നും പാർട്ടി കുറ്റപ്പെടുത്തി. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഡാറ്റാ ചോർച്ചകളുടെ വിവരങ്ങളും അതിലൂടെ ആർക്കൊക്കെയാണ് ലാഭമുണ്ടായതെന്നും വ്യക്തമാക്കുന്ന പട്ടിക പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ6-ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിൽ തിരിച്ചെത്തുന്നതോടെ ഡൽഹിയിൽ നിയമപരമായ രീതിയിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags

Share this story