യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; കുപ്രസിദ്ധ ഗുണ്ട അനിൽ ദുജാന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

dujana

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. കുപ്രസിദ്ധ ഗുണ്ടാതലവൻ അനിൽ ദുജാന, മീററ്റിൽ ഉത്തർപ്രദേശ് എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അനിൽ ദുജാനയ്ക്കെതിരെ യുപി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം, കൊള്ളയടിക്കൽ, ആയുധനിർമ്മാണം തുടങ്ങി 64 ഓളം കേസുകളുണ്ട്.

കൊലപാതകക്കേസിൽ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്പാണ് ദുജാന ജയിൽ മോചിതനായത്. തൊട്ടുപിന്നാലെ കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാൾ ഭീഷണിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സാക്ഷിയെ കൊല്ലാൻ ദുജാന തീരുമാനിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടാൻ എസ്ടിഎഫ് തീരുമാനിച്ചത്.

പിടികൂടാനെത്തിയ എസ്ടിഎഫ് സംഘത്തിന് നേരെ ദുജാനയും സംഘവും വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലിലേക്ക് വഴിമാറി. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ദുജാനയ്ക്ക് വെടിയേറ്റതായും പൊലീസ് പറഞ്ഞു. മീററ്റിലെ ഒരു ഗ്രാമത്തിലെ റോഡിലാണ് ഏറ്റുമുട്ടൽ നടന്നത്.

Share this story