കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗം; എംബിബിഎസ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരം

Rape

കൊൽക്കത്തയിൽ വീണ്ടും കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാർത്ഥിനി. ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായത്. വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. അതേസമയം സംഭവസമയം വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു.

ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിന് സമീപം വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് സംഭവം. ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ വിദ്യാർഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോകാൻ ഇറങ്ങിയതായിരുന്നു. ഇതേസമയം കോളജിന്റെ ഗേറ്റിന് സമീപം അജ്‌ഞാതർ ഇരുവരെയും തടഞ്ഞുനിർത്തി. പിന്നാലെ യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതേസമയം പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്ത് ഓടിപ്പോയി. സംഭവത്തിൽ യുവാവിന് പങ്കുണ്ടെന്ന് സംശയമുണ്ടെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. സുഹൃത്ത് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചതായും ഒഴിഞ്ഞ സ്ഥലത്തേക്ക് മനപൂർവം കൊണ്ടുപോയതാണെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകി. അക്രമികൾ മകളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതെന്നും പണം കവർന്നെന്നും പിതാവ് പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് വിദ്യാർത്ഥിനി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരയുടെ സുഹൃത്ത് ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തു വരികയാണ്. അതേസമയം തുടർച്ചയായി കൊൽക്കത്തയിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കേസാണിത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ, കൊൽക്കത്തയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്‌ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇക്കൊല്ലം ജൂലൈയിൽ, കൊൽക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊൽക്കത്ത ലോ കോളജിൻ്റെ പരിസരത്ത് നിയമ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.

Tags

Share this story