അരുണാചലിൽ അണക്കെട്ട് വിരുദ്ധ പ്രതിഷേധം സംഘർഷത്തിൽ; പൊലീസുമായി ഏറ്റുമുട്ടൽ: ഏഴ് പേർക്ക് പരിക്ക്

അരുണാചൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സിയാങ് താഴ്‌വരയിൽ നിർദ്ദിഷ്ട 'സിയാങ് അപ്പർ മൾട്ടിപർപ്പസ് ഹൈഡ്രോഇലക്ട്രിക് പ്രൊജക്റ്റിന്' (Siang Upper Multipurpose Project) എതിരെ നടന്ന ബന്ദിനിടെ വൻ സംഘർഷം. സമരം ചെയ്ത ജനങ്ങളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് സ്ത്രീകളും ഒരു പുരുഷനും അടക്കം ഏഴ് പേർക്ക് പരിക്കേറ്റു.

​നിർദ്ദിഷ്ട അണക്കെട്ട് പദ്ധതി ഉപേക്ഷിക്കുക, പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന കേന്ദ്ര സായുധ പൊലീസിനെ (CAPF) തിരിച്ചുവിളിക്കുക, പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രാദേശിക സമിതികൾ ബന്ദ് ആഹ്വാനം ചെയ്തത്.

​ദിറ്റെ-ദിമെ (Dite-Dime) പാലത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലും സംഘർഷത്തിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.

​ഏകദേശം 27-ഓളം ഗ്രാമങ്ങളെ സാരമായി ബാധിക്കുന്നതാണ് ഈ കൂറ്റൻ ജലവൈദ്യുത പദ്ധതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. പാരമ്പര്യമായി ജീവിച്ചുവരുന്ന ഭൂമിയും വീടുകളും നഷ്ടപ്പെടുമെന്ന ഭയത്താൽ പ്രദേശവാസികളും വിദ്യാർത്ഥികളും വനിതാ സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, നിലവിൽ സാധ്യതാ പഠനങ്ങളും സർവേകളും മാത്രമാണ് നടക്കുന്നതെന്നും പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.

Tags

Share this story