തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നിയമം: ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കോടതി

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും ചീഫ് ഇലക്ഷൻ കമ്മീഷണറുടെയും നിയമനത്തിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരുടെ ബെഞ്ചിൽ ഭിന്നവിധിയുണ്ടായതിനെ തുടർന്നാണ് തീരുമാനം.

​പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കേണ്ടതെന്ന് 2023-ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതിയ നിയമ നിർമ്മാണം നടത്തുകയായിരുന്നു.

​ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്ര സർക്കാരിന് മേൽക്കോയ്മ ലഭിക്കുന്ന രീതിയിലുള്ള പുതിയ നിയമം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുമെന്നും അതിനാൽ നിയമം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും.

Tags

Share this story