രാമഭക്തരെ പേടിയോ?; അയോധ്യ സന്ദർശനത്തിന് ഒരുങ്ങിയ യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടുതടങ്കലിലെന്ന് കോൺഗ്രസ്

ലഖ്നോ

ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ യു.പി പോലീസ് വീട്ടുതടങ്കലിലാക്കിയതായി പാർട്ടി ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്താൻ കോൺഗ്രസ് പ്രതിനിധി സംഘം തീരുമാനിച്ചതിന് തൊട്ടുതലേന്നാണ് പോലീസിന്റെ ഈ നടപടി.

​രാമക്ഷേത്ര ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു ജൂൺ 30-ന് കോൺഗ്രസ് നേതാക്കളുടെ അയോധ്യ സന്ദർശനം നിശ്ചയിച്ചിരുന്നത്. അയോധ്യയിലെത്തിയ തന്നെ പോലീസ് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അജയ് റായ് പറഞ്ഞു. ബിജെപി സർക്കാർ ഭയന്നുപോയെന്നും അതുകൊണ്ടാണ് തങ്ങളെ തടയുന്നതെന്നും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിക്കുന്നവരും ഭൂമി തട്ടിപ്പുകാരുമായ 'ഫണ്ട് കള്ളന്മാർ' എന്തിനാണ് രാമഭക്തരെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

​പ്രതാപ്ഗഡ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ നീരജ് ത്രിപാഠി ഉൾപ്പെടെയുള്ള നേതാക്കളെയും കൃത്യമായ കാരണം വ്യക്തമാക്കാതെ പോലീസ് തടങ്കലിലാക്കിയിട്ടുണ്ട്. ശ്രീരാമൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ മാത്രം ഭാഗമല്ലെന്നും രാജ്യത്തിന്റെ മുഴുവൻ വിശ്വാസത്തിന്റെ പ്രതീകമാണെന്നും കോൺഗ്രസ് വ്യക്തമാക്കി. ഭക്തരെ അയോധ്യയിൽ പോകുന്നത് തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, തടവിലാക്കിയ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags

Share this story