അരികൊമ്പന്റെ അലമ്പ് തുടര്‍ന്നാല്‍ പിടിക്കും; കൂട്ടിലടയ്ക്കും: കേരളം വിവരം കൈമാറുന്നില്ല

ചിന്നക്കനാലില്‍ നിന്നും കേരളം പിടിച്ച് തുരുത്തിയ അരികൊമ്പന്‍ അതിര്‍ത്തി കടന്ന് നാട്ടുകാര്‍ക്ക് കൂടുതല്‍ ശല്ല്യമുണ്ടാക്കിയാല്‍ പിടിച്ച് കൂട്ടിലടയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. നാട്ടിലിറങ്ങി ശീലമുള്ള ആനയാണ് അരികൊമ്പന്‍. തമിഴ്‌നാട്ടിലേക്ക് രണ്ടു പ്രവശ്യം കൊമ്പന്‍ ഇറങ്ങി. ഇതോടെ ആനയുടെ സഞ്ചാരം നിരീക്ഷിക്കാന്‍ വനംവകുപ്പിലെ രണ്ടു ജീവനക്കാരെ തമിഴ്‌നാട് നിയോാഗിച്ചിട്ടുണ്ട്.
ഇവര്‍ ഇപ്പോള്‍ അരികൊമ്പനൊപ്പമുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ അരികൊമ്പന്‍ ഉണ്ടാക്കുകയാണെങ്കില്‍ ആനയെ പിടിക്കാന്‍ തന്നെയാണ് തമിഴ്‌നാടിന്റെ തീരുമാനം. തമിഴ്‌നാട്ടില്‍ നാല് ആനസങ്കേതങ്ങളിലൊന്നിലേക്കായിരിക്കും ആനയെ മാറ്റുക. കേരള ഹൈക്കോടതിവിധി ഇതിനു തടസമല്ലെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്.
അരിക്കൊമ്പന്‍ ഇപ്പോഴും തമിഴ്‌നാട് വനംമേഖലയില്‍ തുടരുകയായിരുന്നു. കാടുമാറ്റത്തിന് പിന്നാലെ മേഘമലയിലെ ജനവാസ മേഖലകളില്‍ അരിക്കൊമ്പന്‍ ഇറങ്ങിയിരുന്നു. ആനയെക്കുറിച്ചുള്ള വിവരങ്ങള്‍, റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്നും ആനയെ കണ്ടെത്തുംവരെ നിയന്ത്രണം ശക്തമായിത്തന്നെ തുടരുമെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ അരിക്കൊമ്പനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്. മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് വനംവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.