അതിർത്തി കടന്ന് ആയുധക്കടത്ത്; പഞ്ചാബിൽ ആറംഗ സംഘം പിടിയിൽ

punjab

അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പഞ്ചാബിൽ നിന്ന്  പിടികൂടി. ഇവരിൽ നിന്ന് ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പോലീസ് പിടികൂടി. സോഷ്യൽ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് ആണ് വിദേശികളായ ഇടപാടുകാരുമായി ആയുധക്കടത്തിന് നേതൃത്വം നൽകിയിരുന്നതെന്ന് പഞ്ചാബ് ഡി ജി പി ഗൗരവ് യാദവ് പറഞ്ഞു.

പർഗത് സിംഗ്, അജയ്ബീർ സിംഗ്, കരൺബീർ സിംഗ്, ശ്രീറാം സിംഗ്, ദിനേശ് കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. രണ്ട് ആയുധങ്ങളുമായി അതിർത്തി കടന്നപ്പോഴാണ് പർഗത് സിംഗ് പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് മറ്റുള്ളവർ പിടിയിലായത്. രോഹിത്തിനെ മൂന്ന് ആയുധങ്ങളുമായി ഗോവയിൽ നിന്ന് പിടികൂടി. ആയുധ വ്യാപാരത്തിലൂടെ ലഭിച്ച പണം ഹവാല വഴിയാണ് ഇന്ത്യയിലെത്തിച്ചത്.

5.75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ദിനേശ് കുമാറിനെ അറസ്റ്റ് ചെയ്തു. ഒരു ഗ്ലോക്ക് 9 എംഎം, 3 പി എക്‌സ്5 പോയിന്റ് 3 ബോർ, പോയിന്റ് 32 ബോർ, പോയിന്റ് 30 ബോർ എന്നീ തോക്കുകളാണ് പിടിച്ചെടുത്തത്. സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
 

Tags

Share this story