ആന്ധ്രയിൽ 4,600 കോടിയുടെ നാശം വിതച്ച് അർണവ്; ജീവൻ നഷ്ടമായത് 7 പേർക്ക്: ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്ദർശിച്ചു
അമരാവതി: അർണവ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ആന്ധ്രാപ്രദേശിൽ വിതച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് ആഞ്ഞുവീശിയ കാറ്റിലും മഴയിലും 7 പേർക്കാണ് ജീവൻനഷ്ടമായത്. ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സന്ദർശിച്ചു. ഏകദേശം 4,600 കോടിരൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി നായിഡു വ്യോമനിരീക്ഷണം നടത്തി. മുംമിദിവാരം മണ്ഡലത്തിലെ ഗച്ചകായലപോര ഗ്രാമത്തിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കുകയും, ചുഴലിക്കാറ്റ് ദുരിതബാധിതരുമായി സംസാരിക്കുകയും ചെയ്തു.
ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച കേന്ദ്ര സംഘം സംസ്ഥാനം സന്ദർശിക്കും. ചുഴലിക്കാറ്റ് സാഹചര്യത്തെക്കുറിച്ചും സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചതായും, നാശനഷ്ടങ്ങളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
കേടുപാടുകൾ സംഭവിച്ച ഓരോ തെങ്ങിനും പനയ്ക്കും (ഓയിൽ പാം) 1,500 രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് നായിഡു പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് മടങ്ങുന്ന കുടുംബങ്ങൾക്ക് 25 കിലോ അരിയും, അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റും, അടിയന്തര ചെലവുകൾക്കായി സാമ്പത്തിക സഹായവും നൽകും.
ചുഴലിക്കാറ്റ് മൂലം വിളവ് കുറയുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 16 ജില്ലകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പശ്ചിമ ഗോദാവരി, കാക്കിനട, കിഴക്കൻ ഗോദാവരി, കോനസീമ, കൃഷ്ണ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്.
