വലിയ രാജ്യങ്ങൾ, അയൽരാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ പ്രശ്നങ്ങളുണ്ടാകും: എസ്. ജയ്ശങ്കർ
ന്യൂഡൽഹി: ഇന്ത്യയും ചൈനയും വലിയ രാജ്യങ്ങളും അയൽരാജ്യങ്ങളുമായതിനാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും സ്വാഭാവികമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മിൽ പ്രവർത്തനക്ഷമമായ ബന്ധം നിലനിർത്തുന്നത് ഇരുരാജ്യങ്ങളുടെയും ദേശീയ താൽപര്യങ്ങൾക്ക് അനിവാര്യമാണെന്ന് ജയ്ശങ്കർ പറഞ്ഞു. അതേസമയം, ഉഭയകക്ഷി ബന്ധത്തിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ ബന്ധം പൂർണമായി സാധാരണ നിലയിലാകുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിൽ ഇന്ത്യയുടെ സമീപനത്തിന് മാറ്റമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, അന്തിമ പരിഹാരം സാധ്യമാകണമെങ്കിൽ മുഴുവൻ അതിർത്തിയും ഉൾപ്പെടണമെന്നും ജയ്ശങ്കർ മറുപടി നൽകി. എന്നാൽ, തർക്കമുള്ള പ്രത്യേക മേഖലകളിൽ ചർച്ചകൾ ആരംഭിക്കുന്നത് പരിഹാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1980കൾ മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ അതിർത്തി മേഖലകളിലെ സമാധാനത്തിനും ശാന്തതയ്ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തിയിൽ സൈനികർ പട്രോളിങ് നടത്തുമ്പോൾ പാലിക്കേണ്ട അകലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനായി ഇരുരാജ്യങ്ങളും വിവിധ കരാറുകളും നടപടിക്രമങ്ങളും രൂപപ്പെടുത്തിയിരുന്നു.
എന്നാൽ, 2020ൽ അതിർത്തിയിലെ സമാധാനാന്തരീക്ഷം തകരുകയും ഗാൽവാൻ താഴ്വരയിൽ ഉൾപ്പെടെ സംഘർഷവും സൈനികരുടെ മരണവും സംഭവിക്കുകയും ചെയ്തതോടെ ബന്ധത്തിൽ വലിയ മാറ്റമുണ്ടായി. ഇതിന്റെ പ്രത്യാഘാതങ്ങൾ വ്യാപാരം, രാഷ്ട്രീയ ബന്ധം, ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചുവെന്ന് ജയ്ശങ്കർ പറഞ്ഞു. ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ കടുത്ത ശത്രുതാപരമായ ബന്ധം അന്നത്തെ സാഹചര്യത്തിൽ മനസിലാക്കാവുന്നതായിരുന്നെങ്കിലും അത് ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് ഗുണകരമായിരുന്നില്ലെന്ന് ജയ്ശങ്കർ വ്യക്തമാക്കി.
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് പ്രധാനമാണ്. അതിനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും ബന്ധം പൂർണമായി സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം അവ തിരിച്ചറിഞ്ഞ് ഉചിതമായി കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
