രാജസ്ഥാനിൽ പഴയ ബജറ്റ് അവതരിപ്പിച്ച് അശോക് ഗെഹ്ലോട്ട്; അബദ്ധം മനസ്സിലായത് എട്ട് മിനിറ്റിന് ശേഷം

gehlot

രാജസ്ഥാനിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അശോഗ് ഗെഹ്ലോട്ട് അവതരിപ്പിച്ചത് പഴയ ബജറ്റ്. ആദ്യ എട്ട് മിനിറ്റ് നേരം പഴയ ബജറ്റ് വായിച്ച ശേഷമാണ് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് എംഎൽഎമാർക്ക് പോലും മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്ന് മനസ്സിലായത്. ഇതോടെ ചീഫ് വിപ്പ് ഇടപെട്ട് ഗെഹ്ലോട്ടിനോട് കാര്യം പറയുകയും ബജറ്റ് അവതരണം നിർത്തുകയുമായിരുന്നു

2022-23 വർഷത്തെ സാമ്പത്തിക ബജറ്റാണ് ഗെഹ്ലോട്ട് അവതരിപ്പിച്ചത്. ആദ്യ രണ്ട് പദ്ധതികൾ അവതരിപ്പിച്ചപ്പോൾ തന്നെ പഴയ ബജറ്റാണെന്ന് സഭയിൽ പ്രതിപക്ഷം പറയുന്നുണ്ടായിരുന്നു. എന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ ഗെഹ്ലോട്ട് വായന തുടർന്നു. അബദ്ധം മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞതോടെ ബിജെപി അംഗങ്ങളുടെ രൂക്ഷ പരിഹാസവും തുടങ്ങി. ഇതോടെ പുതിയ ബജറ്റിനായി കോൺഗ്രസ് അംഗങ്ങൾ പരക്കം പാഞ്ഞു.

പിന്നീട് ഉദ്യോഗസ്ഥരാണ് സഭയിൽ പുതിയ ബജറ്റ് എത്തിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ കൊണ്ടുവന്ന പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. മുഖ്യമന്ത്രിയാണ് സഭയിലേക്ക് ബജറ്റ് കൊണ്ടുവരേണ്ടത്. ഉദ്യോഗസ്ഥർ നൽകിയ ബജറ്റ് ചോർന്നോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ബഹളം ശക്തമായതോടെ സഭ 30 മിനിറ്റ് നിർത്തിവെച്ചു. എന്നിട്ടും പ്രതിഷേധം ശക്തമായതോടെ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
 

Share this story