നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലിൽ ഭരണം ഉറപ്പിച്ച് ബിജെപി: സിക്കിമില്‍ എസ്‌കെഎമ്മിന് വന്‍ മുന്നേറ്റം

BJP Flag

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശില്‍ ഭരണം ഉറപ്പിച്ച് ബിജെപി. 44 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 60 അംഗ നിയമസഭയില്‍ 31 സീറ്റുകൾ മാത്രമാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാൽ ഇതില്‍ 10 സീറ്റില്‍ നേരത്തേ തന്നെ എതിരില്ലാതെ ബിജെപി സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടതാണ്. എന്‍പിപി (7) കോണ്‍ഗ്രസിന് (1) മറ്റുള്ളവര്‍ക്ക് (7) സീറ്റിലുമാണ് നിലവില്‍ ലീഡുള്ളത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം.

സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) യാണ് മുന്നേറുന്നത്. 32 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ഇടത്തും സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് ലീഡുണ്ട്. ഒരു സീറ്റില്‍ മാത്രമാണ് പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമാക്രാറ്റിക് ഫ്രണ്ടിന്(എസ്‌ഡിഎഫ്) ലീഡുള്ളത്. സിക്കിം ക്രാന്തികാരി മോര്‍ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമില്‍ പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും മത്സര രംഗത്തുണ്ടെങ്കിലും ഇരുപാര്‍ട്ടികള്‍ക്കും ഒരു സീറ്റില്‍ പോലും ലീഡുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ 2ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

Share this story