സുരക്ഷാ ഭീഷണിയെന്ന് വിലയിരുത്തല്‍; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാൻ നീക്കം

Cockroch Janta Party

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജിത്ത് ദീപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കം. സിജെപി സമരം തുടങ്ങിയാല്‍ സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തുമ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കും. ശനിയാഴ്ചയാണ് ദീപ്‌കേ തിരികെ ഇന്ത്യയിലെത്തുന്നത്.

അനുയായികളോട് ഡല്‍ഹി വിമാനത്താവളത്തില്‍ എത്താനാണ് അഭിജിത്തിന്റെ ആഹ്വാനം. ജൂണ്‍ ആറു മുതല്‍ സിജെപി ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാണ് സിജെപിയുടെ ആവശ്യം.

താന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമെന്ന് ദീപ്‌കേ പറഞ്ഞിരുന്നു. ഡല്‍ഹിയിലെത്തുന്നതിന് പിന്നാലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുമതി തേടുമെന്നാണ് ദീപ്‌കേ വീഡിയോയിലൂടെ അനുയായികളെ അറിയിച്ചത്. തിരിച്ചവരുമ്പോള്‍ പല പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നതില്‍ ബോധവാനാണ്. എന്നാലും തിരികെ എത്തുമെന്ന് യുഎസില്‍ നിന്നും ദീപ്‌കേ പ്രതികരിച്ചിട്ടുണ്ട്. നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ദീപ്‌കേ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് നിരവധി വധഭീഷണികള്‍ വന്നിട്ടുണ്ടെന്നും ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ദീപ്‌കേ പ്രതികരിച്ചിരുന്നു.

Tags

Share this story