രാജസ്ഥാനിൽ ദേശീയപാതയിൽ സ്വകാര്യ ബസിന് തീപിടിച്ചു 20 യാത്രക്കാർ മരിച്ചു
Oct 15, 2025, 08:23 IST

രാജസ്ഥാനിൽ ജോധ്പൂർ-ജയ്‌സാൽമീർ ഹൈവേയിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 യാത്രക്കാർ മരിച്ചു. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. ബസിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയായിരുന്നു
57 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 19 പേർ ബസിനുള്ളിൽ തന്നെ മരിച്ചു. പ്രദേശവാസികളും ഹൈവേയിലൂടെ വന്ന മറ്റ് യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ജോധ്പൂരിലേക്ക് മാറ്റി.
രക്ഷാദൗത്യത്തിനായി സൈന്യവും അപകട സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. ഡിഎൻഎ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.