വസ്ത്രം അഴിക്കാനും മാറിടത്തിൽ അമർത്താനും ശ്രമിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

Cour

ന്യൂഡൽഹി: യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌ന ഹൈക്കോടതി വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഹൈക്കോടതി വിധിയിലെ ചില പരാമർശങ്ങൾ അപകീർത്തികരമാണെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ചില പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ബിഹാർ അഡ്വക്കേറ്റ് ജനറൽ എസ് ഡി സഞ്ജയിനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രതിഭാഗത്തിൻ്റെ നിലപാട് കൂടി കേട്ട ശേഷമേ വിധി റദ്ദാക്കാൻ കഴിയൂവെന്നും പ്രതിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമായി തെളിയിക്കുന്ന തരത്തിലുള്ള മറ്റേതെങ്കിലും പ്രവൃത്തിയോ ലൈംഗിക അതിക്രമത്തിന്റെ തെളിവോ ഇല്ലാത്ത സാഹചര്യത്തിൽ യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന ആരോപണങ്ങൾ ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം പ്രവൃത്തികൾ പരമാവധി സ്ത്രീത്വത്തെ അപമാനിക്കലിന് തുല്യമായ കുറ്റമായി മാത്രമേ കണക്കാക്കാനാകൂവെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇതെന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിനൊപ്പം 511-ാം വകുപ്പ് ചുമത്തിയുള്ള പ്രതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ പരിഗണിച്ച കേസിന്റെ വാദത്തിനിടെയാണ് പട്‌ന ഹൈക്കോടതിയുടെ ഈ ഉത്തരവും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരട് പൊട്ടിക്കുകയും അവളെ കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. പട്‌ന ഹൈക്കോടതിയുടെ ഉത്തരവും സമാനമായ വസ്തുതകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വന്നതെന്ന് മുതിർന്ന അഭിഭാഷകരായ ശോഭ ഗുപ്തയും എച്ച് എസ് ഫൂൽക്കയും സുപ്രീം കോടതിയെ അറിയിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിമാർ കൂടുതൽ സംവേദനക്ഷമതയും ജാഗ്രതയും പുലർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു.

Tags

Share this story