നഗ്നരായി എത്തി സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുപിയിൽ ഭീതി വിതച്ച് ന്യൂഡ് ഗ്യാംഗ്

നഗ്നരായി എത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം ഉത്തർപ്രദേശിൽ ഭീതി വിതയ്ക്കുന്നു. യുപി മീററ്റിന് സമീപത്തുള്ള ഗ്രാമങ്ങളിലാണ് നഗ്നസംഘം അഥവാ ന്യൂഡ് ഗ്യാംഗിന്റെ ആക്രമണം പതിവായയത്. സ്ത്രീകൾക്കെതിരെ സമാന ആക്രമണം ഉണ്ടായതോടെയാണ് ഗ്രാമവാസികൾ അക്രമിസംഘത്തിന് ന്യൂഡ് ഗ്യാംഗ് എന്ന് പേരിട്ടത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തെ കുറിച്ച് കാര്യമായ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഡ്രോണുകൾ അടക്കം ഉപയോഗിച്ച് ഗ്രാമത്തിലെ കൃഷിയിടങ്ങളിലും വിജനമായ മേഖലകളിലും പോലീസ് വ്യാപക തെരച്ചിൽ നടത്തുന്നുണ്ട്. ദൗറലയിലെ പെൺകുട്ടിക്ക് നേരെയാണ് ആദ്യം ആക്രമണം നടന്നത്.
നീണ്ട മുടിയുള്ള രണ്ട് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്നും ഇവർ നഗ്നരായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി ഒച്ചവെച്ചതോടെ ആളുകൾ എത്തുന്നത് കണ്ട് ഇവർ രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം ഭരാല ഗ്രാമത്തിലെ വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്. നഗ്നസംഘമാണ് തന്നെ ആക്രമിച്ചതെന്ന് വീട്ടമ്മ പോലീസിനെ അറിയിച്ചു. രണ്ട് യുവാക്കളാണ് ആക്രമിച്ചതെന്നും ഇവർ അറിയിച്ചു. പിന്നാലെ മീററ്റിന് സമീപത്തെ രണ്ടിടങ്ങളിലും സമാന സംഭവങ്ങൾ നടന്നു.