അയോധ്യ സംഭാവനക്കൊള്ള: പാർലമെൻ്റിൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കോൺഗ്രസ്; അടിയന്തര പ്രമേയത്തിന് നോട്ടീസ്
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സംഭാവനക്കൊള്ള വിഷയം പാർലമെൻ്റിൽ ഉന്നയിച്ച് പ്രതിപക്ഷം. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ തന്നെ ഈ വിഷയത്തിൽ സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി ബെന്നി ബെഹനാനാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്.
ഈ വിഷയത്തിന് പുറമേ രാജ്യസഭയിലും കോൺഗ്രസ് എം.പി രൺദീപ് സിംഗ് സുർജേവാല ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അയോധ്യ രാമക്ഷേത്ര വിവാദത്തിന് പുറമെ നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളും കേന്ദ്ര സർക്കാരിനെതിരെ സജീവമായി ഉയർത്താനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം പ്രതിഷേധിക്കും.
സഭാ നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് പ്രതിപക്ഷ കക്ഷികൾ പാർലമെൻ്റിൻ്റെ പ്രധാന കവാടത്തിൽ യോഗം ചേരുന്നുണ്ട്. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിന് ശേഷമായിരിക്കും ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ അന്തിമ രൂപം നിശ്ചയിക്കുക.. സമാജ്‌വാദി പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിൽ ശക്തമായ നിലപാടിലാണ്. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം
