അയോധ്യ സംഭാവന തട്ടിപ്പ്; പ്രതികളുടെ വീടുകൾക്കെതിരെ ബുൾഡോസർ നടപടി: ലവ് കുശിന്റെ പുതിയ വീട് പൊളിക്കും
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളുടെ അനധികൃത സ്വത്തുക്കളും വീടുകളുമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കാൻ അധികൃതർ നടപടി ആരംഭിച്ചത്.
കേസിലെ പ്രധാന പ്രതികളിലൊരാളായ ലവ് കുശ് മിശ്രയുടെ പുതിയ വീട് പൊളിച്ചുനീക്കാനാണ് നിലവിൽ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. തട്ടിപ്പ് പണം ഉപയോഗിച്ചാണ് ഈ നിർമ്മാണങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
രാമക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ വ്യാജ ക്യൂ ആർ കോഡുകളും രസീതുകളും ചമച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുപി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലവ് കുശ് മിശ്ര ഉൾപ്പെടെയുള്ള പ്രതികളുടെ പക്കൽ നിന്നും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും വിദേശ കറൻസികളും അന്വേഷണസംഘം റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ അനധികൃത നിർമ്മാണങ്ങൾക്ക് നേരെ ബുൾഡോസർ നടപടികളിലേക്ക് യുപി ഭരണകൂടം കടന്നിരിക്കുന്നത്.
