അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന തട്ടിപ്പ്: പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിർത്തി; ട്രസ്റ്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്ക് കത്ത്

രാമക്ഷേത്രം

അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പ് വിവാദത്തിൽ ജീവനക്കാർക്കെതിരെ ആദ്യഘട്ട നടപടിയുമായി അധികൃതർ. ക്ഷേത്രത്തിൽ ലഭിക്കുന്ന വഴിപാടുകളും പണവും എണ്ണുന്ന ചുമതലയിലുണ്ടായിരുന്ന 40 ജീവനക്കാരെ അടിയന്തരമായി ഈ വിഭാഗത്തിൽ നിന്നും മാറ്റിനിർത്തി. സംഭാവനകൾ തിട്ടപ്പെടുത്തുന്ന വിഭാഗത്തിൽ സുരക്ഷ ശക്തമാക്കിയതായും യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജിതമാക്കിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വ്യാപക ക്രമക്കേട്, സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി സംശയം

ക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ എണ്ണം വർദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിലെ മഹാകുംഭമേള സമയത്ത് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടുകയും കാണിക്കയായി കോടിക്കണക്കിന് രൂപ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്താണ് വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. മാസങ്ങളോളമുള്ള സിസിടിവി ദൃശ്യങ്ങൾ ജീവനക്കാർ മനഃപൂർവ്വം നശിപ്പിച്ചതായും സംശയമുണ്ട്.

​മാത്രമല്ല, കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തിരുന്ന ചില ജീവനക്കാർ ചുരുങ്ങിയ കാലയളവിനുള്ളിൽ കോടികളുടെ ആസ്തികൾ സമ്പാദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം നൂറിലധികം പേരെ എസ്‌ഐടി ചോദ്യം ചെയ്യുകയും പ്രതികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ട്രസ്റ്റ് പിരിച്ചുവിടാൻ കത്ത്; സുപ്രീം കോടതിയിൽ ഹർജി

അഴിമതി വിവാദം കടുത്ത രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചതോടെ, നിലവിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രസ്ഥാന കാലത്തെ കർസേവകരുടെ സംഘടനയായ 'ധർമ്മസേന' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് കോടികളുടെ കൊള്ളയാണ് നടക്കുന്നതെന്ന് മുൻ കർസേവകർ ആരോപിക്കുന്നു.

​അതേസമയം, ഈ തട്ടിപ്പ് സുതാര്യമായി സിബിഐ അന്വേഷിക്കണമെന്നും ഭക്തരുടെ വിശ്വാസം നിലനിർത്താൻ പ്രത്യേക ഓഡിറ്റ് മേൽനോട്ട സംവിധാനം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. യുപി സർക്കാരിനും ക്ഷേത്ര ട്രസ്റ്റിനും ഇതിനാവശ്യമായ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

Tags

Share this story