അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചു; അനിൽ മിശ്രക്കും ചമ്പത് റായ്ക്കും ക്ലീൻചിറ്റ്
അയോധ്യ രാമക്ഷേത്രത്തിൽ ലഭിച്ച കാണിക്കപ്പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. മൂന്ന് മാസമായി അയോധ്യ ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയും ശക്തമായ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാണിക്ക എണ്ണുന്ന മുറിയിൽ നിന്ന് അനധികൃതമായി പണം കടത്തുകയോ ഒളിപ്പിക്കുകയോ ചെയ്ത 105 സംഭവങ്ങൾ സി സി ടി വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയതായി എസ് ഐ ടി വ്യക്തമാക്കി.
സംഭവത്തിൽ 173 സാക്ഷികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സി സി ടി വി ദൃശ്യങ്ങൾ, ഫൊറൻസിക് ഓഡിറ്റ്, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, പ്രതികളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ എട്ടുപേരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാണിക്ക എണ്ണുന്നതിനായി കരാറിലേർപ്പെട്ട സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരാണ്.
അതേസമയം, കേസിൽ പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും രാമക്ഷേത്ര ട്രസ്റ്റ് മുൻ ട്രസ്റ്റികളായ അനിൽ മിശ്ര, ചമ്പത് റായ് എന്നിവർക്കെതിരെയോ മറ്റ് ട്രസ്റ്റ് അംഗങ്ങൾ, വി എച്ച് പി, ആർ എസ് എസ് ഭാരവാഹികൾ എന്നിവർക്കെതിരെയോ കേസിൽ കുറ്റകരമായ യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ലെന്ന് എസ് ഐ ടി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. സാന്പത്തിക ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് ഇവർ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് നേരത്തെ രാജിവെച്ചിരുന്നു.
