അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; ചമ്പത്ത് റായിക്കും അനില്‍ മിശ്രക്കും ക്ഷേത്ര ട്രസ്റ്റിന്റെ കാരണം കാണിക്കല്‍ നോട്ടീസ്; എസ്‌ഐടി ചോദ്യം ചെയ്യല്‍ തുടരുന്നു

ചമ്പത്ത് റായ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനില്‍ മിശ്ര എന്നിവര്‍ക്ക് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി എഴുതി നല്‍കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. ചമ്പത്ത് റായ്, അനില്‍ മിശ്ര എന്നിവർ ട്രസ്റ്റില്‍ നിന്ന് നേരത്തെതന്നെ രാജിവെച്ചിരുന്നു.

​അതേസമയം, സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ചോദ്യം ചെയ്യൽ ഊർജിതമായി തുടരുകയാണ്. അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ എസ്‌ഐടി സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ആറ് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യൽ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ചമ്പത് റായിക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

​കേസുമായി ബന്ധപ്പെട്ട് എസ്ബിഐ അയോധ്യ ബ്രാഞ്ച് ചീഫ് മാനേജര്‍ എ രഘുറാം സാഗറിനെയും എസ്‌ഐടി ചോദ്യം ചെയ്തു. പ്രതികൾ രാമക്ഷേത്രത്തിൽ നിന്ന് നോട്ടുകെട്ടുകൾ വസ്ത്രങ്ങളിലും സോക്സുകളിലും ഒളിപ്പിച്ചു കടത്തുന്നതിന്റെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

Tags

Share this story