അയോധ്യ രാമക്ഷേത്രം പതാക ഉയർത്തൽ ചടങ്ങ്; നഗരത്തിൽ മോദിയുടെ റോഡ് ഷോ

modi

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിന് മുന്നോടിയായി നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ. സാകേത് കോളേജിൽ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. അയോധ്യ ധാം വരെയാണ് റോഡ് ഷോ നടക്കുക. അയോധ്യ ക്ഷേത്ര ദർശനത്തിന് ശേഷം സമീപ ക്ഷേത്രങ്ങളിലും മോദി ദർശനം നടത്തും. ഇതിന് ശേഷമാകും പതാക ഉയർത്തൽ ചടങ്ങ്

ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെയടക്കം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രദേശവാസികളെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപിയുടെ തോൽവിക്ക് ഇത് വഴിവെച്ചിരുന്നു

ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുന്നത്. ചടങ്ങിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
 

Tags

Share this story