അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൽ കെ അദ്വാനി പങ്കെടുത്തേക്കില്ലെന്ന് സൂചന

advani

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി പങ്കെടുക്കില്ലെന്ന് സൂചന. പ്രദേശത്ത് കടുത്ത തണുപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള തിയതി നിശ്ചയിച്ചതിന് പിന്നാലെ പല മുതിർന്ന നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്വാനിക്ക് ലഭിച്ചിരുന്നില്ല. എൽ കെ അദ്വാനിയുടേയും മുരളി മനോഹർ ജോഷിയുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർഥിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു.

എന്നാൽ രാമക്ഷേത്ര നിർമാണത്തിനായി പ്രചാരണം ആരംഭിച്ച മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നതിൽ ബിജെപി ക്ക് ഉള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇരുവരേയും പിന്നീട് ക്ഷണിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്വാനിയും മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.

Share this story