പ്രതിഷേധം ശക്തമായതോടെ അയോധ്യയിലെ രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി

പ്രതിഷേധം ശക്തമായതോടെ അയോധ്യയിലെ രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി

അയോധ്യയില്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ നടത്താനിരുന്ന രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാമനവമി ആഘോഷവുമായി മുന്നോട്ടു പോകാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്.

മഹാമാരി പടരുന്ന സമയത്ത് ആളുകള്‍ തടിച്ചു കൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് മറികടന്നും ആഘോഷം നടത്തുമെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ നിലപാട്. പതിനായിരങ്ങള്‍ തടിച്ചു കൂടുന്ന രാമനവമി ആഘോഷം നടത്തുന്നത് വലിയ വിപത്തിലേക്ക് വഴിവെക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വലിയ ആഘോഷങ്ങള്‍ നടത്തുന്നില്ലെന്ന് പരിപാടിയുടെ സംഘാടകരായ വി എച്ച് പി, രാം ജന്മഭൂമി പ്രവര്‍ത്തകര്‍ അറിയിച്ചു. അയോധ്യയിലും രാജ്യത്തുടനീളവും നടത്താനിരുന്ന വലിയ ആഘോഷങ്ങളും ഒഴിവാക്കുകയാണെന്ന് വി എച്ച് പി ഓള്‍ ഇന്ത്യ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയ്‌ന പറഞ്ഞു

Share this story