അയോധ്യ അഴിമതി: ചമ്പത്ത് റായിയെ ചോദ്യം ചെയ്ത് എസ്.ഐ.ടി; 'കൊള്ളയറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന്' കണ്ടെത്തൽ
അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനകളിൽ കോടികളുടെ തട്ടിപ്പ് നടന്ന കേസിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ക്ഷേത്രത്തിൽ ലഭിച്ച പണവും സ്വർണ്ണവും ഉൾപ്പെടെയുള്ള സംഭാവനകളിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിനെതിരെ ചമ്പത്ത് റായ് കണ്ണടച്ചെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പണം മോഷണം പോകുന്ന വിവരവും ക്രമക്കേടുകളും പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചമ്പത്ത് റായ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, തട്ടിപ്പിലെ പ്രധാന പ്രതിയായ രാം ശങ്കർ യാദവ് എന്ന തിന്നു യാദവ് ചമ്പത്ത് റായുടെ മുൻ ഡ്രൈവറായിരുന്നു. ഇയാളെ ട്രസ്റ്റിലെ സുപ്രധാന തസ്തികകളിൽ നിയമിച്ചതും ചമ്പത്ത് റായുടെ ശുപാർശപ്രകാരമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ അയോധ്യയിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ ബോധപൂർവം ഓഫാക്കിയും കാണാമറവുകൾ പ്രയോജനപ്പെടുത്തിയും 40 ദിവസത്തിനിടയിൽ എഴുപതോളം തവണയാണ് ഇവർ പണം മോഷ്ടിച്ചത്. ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച രഹസ്യ ക്യാമറയിലെ ദൃശ്യങ്ങളാണ് അഴിമതി പുറത്തുകൊണ്ടുവന്നതിൽ നിർണായകമായത്.
സംഭവം വൻ രാഷ്ട്രീയ വിവാദമായതിനെത്തുടർന്ന് ധാർമ്മിക ഉത്തരവാദിത്തമേറ്റ് ചമ്പത്ത് റായിയും മറ്റൊരു ട്രസ്റ്റി അംഗമായ അനിൽ മിശ്രയും സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. കേസിൽ ഉന്നതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്.
