വിമർശനം ശക്തമായതോടെ നയം മാറ്റി ബി.സി.ഐ; നാൽസാർ 2026 ബാച്ച് വിദ്യാർത്ഥികൾക്ക് എൻറോൾമെന്റിന് അനുമതി
ന്യൂഡൽഹി: ഹൈദരാബാദ് നാൽസാർ (NALSAR) യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ 2026 ബാച്ച് ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാനുള്ള അനുമതി നിഷേധിച്ച ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ തിരുത്തി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). കടുത്ത വിമർശനവും സോഷ്യൽ മീഡിയയിലെ പ്രതിഷേധവും ഉയർന്നതിനെ തുടർന്നാണ് നടപടി.
യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പങ്കെടുക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധ കാമ്പയിൻ സംഘടിപ്പിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തുടർന്ന് 2026 ബാച്ചിലെ വിദ്യാർത്ഥികളെ സംസ്ഥാന ബാർ കൗൺസിലുകളിൽ എൻറോൾ ചെയ്യരുതെന്ന് ബി.സി.ഐ ആദ്യം നിർദ്ദേശം നൽകുകയായിരുന്നു.
എന്നാൽ, ഭൂരിഭാഗം വിദ്യാർത്ഥികളും നിരപരാധികളാണെന്നും കുറച്ചുപേരുടെ നടപടിയുടെ പേരിൽ എല്ലാവരെയും ശിക്ഷിക്കുന്നത് ശരിയല്ലെന്നും വിലയിരുത്തി ബി.സി.ഐ ചെയർമാൻ മൽഹാർ കുമാർ മിശ്ര പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടാനുസരണം സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യാൻ ഇനി തടസ്സമുണ്ടാകില്ല.
അതേസമയം, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതിനായി വി.സി നൽകുന്ന റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബി.സി.ഐ വ്യക്തമാക്കി.
