ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ രണ്ട് വിദേശികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു
Oct 31, 2026, 11:48 IST
ബെംഗളൂരു: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ രണ്ട് വിദേശികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. മറ്റ് രണ്ട് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഹലസുരുവിലെ ഹോട്ടലിലാണ് സംഭവം.
ജർമനി, സ്ലൊവോക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഇവരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെയാണ് ഇവർക്ക് ഷോക്കേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേർക്ക് പരുക്കേറ്റത്. ഹോട്ടലിൽ താമസിക്കുകയായിരുന്ന യുഎസ് പൗരനും നീന്തൽക്കുളത്തിലെ സഹായിയായ ഇന്ത്യക്കാരനുമാണ് പരുക്ക്. പരുക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
