കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തിൽ പ്രകടനം മാത്രം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ബന്ദ് ഉണ്ടാകില്ല. അതേസമയം രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടക്കും.

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. കർഷകരും കർഷക തൊഴിലാളികളും തൊഴിലിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഭാരതീയ കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് സിപിഎം അടക്കമുള്ള ഇടതു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ കർഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ് ഒരു പുതിയ തുടക്കമാണ്. നാളെ കർഷകർ പണിക്കിറങ്ങില്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും നാളെ നടക്കില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്  പറഞ്ഞു. ഭാരത് ബന്ദ് നടത്തുന്നത് രാജ്യത്തെ കർഷകർക്ക് വേണ്ടിയാണെന്നും ഹൈവേകൾ അടപ്പിക്കില്ലെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

Share this story