ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം: എൽപിജി റീഫിൽ ബുക്കിംഗ് ഇടവേള നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസമാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഇനി മുതൽ പുതിയ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനായി 45 ദിവസം കാത്തിരിക്കേണ്ടതില്ല. റീഫിൽ ബുക്കിംഗുകൾ തമ്മിലുള്ള സമയപരിധി കേന്ദ്ര സർക്കാർ ഏകീകരിച്ച് 25 ദിവസമാക്കി കുറച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ട സാഹചര്യത്തിലായിരുന്നു ബുക്കിംഗ് ഇടവേളകളിൽ മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു കുറഞ്ഞ സമയപരിധി.
നിലവിൽ രാജ്യത്ത് എൽപിജി ലഭ്യത സാധാരണ നിലയിലാകുകയും ബാക്ക്‌ലോഗ് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. പുതിയ തീരുമാനം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ഒരുപോലെ ബാധകമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
ഇതനുസരിച്ച് ഇനി മുതൽ ഗ്രാമീണ മേഖലയിലുള്ളവർക്കും മുൻപത്തെ സിലിണ്ടർ ഡെലിവറി കഴിഞ്ഞ് 25 ദിവസത്തിന് ശേഷം പുതിയ റീഫിൽ ബുക്ക് ചെയ്യാവുന്നതാണ്. റീഫിൽ ബുക്കിംഗ് സമയപരിധി പുതുക്കി നിശ്ചയിച്ച് എണ്ണ വിപണന കമ്പനികൾക്ക് കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
