ആം ആദ്മിക്ക് പാർട്ടിക്ക് വന്‍ വിജയം; ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി

AAP

ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഹര്‍ജിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന നാമനിര്‍ദ്ദേശം ചെയ്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ബിജെപിയുടെ മുന്‍ പങ്കാളികളാണെന്നും ഇത് തിരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടക്കുന്നതിന് തടസ്സമാണെന്നും എഎപി നേരത്തെ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. തിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന് ആവശ്യപ്പെട്ട് എഎപി നേതാവും മേയര്‍ സ്ഥാനാര്‍ഥിയുമായ ഷെല്ലി ഒബ്റോയ് സമര്‍പ്പിച്ച ഹര്‍ജിലാണ് ഉത്തരവ് .

നോമിനേറ്റഡ് അംഗങ്ങളുടെ വോട്ട് മേയര്‍ തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കുമെന്ന് എഎപി കരുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് ആദ്യ എംസിഡി യോഗത്തില്‍ നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചത്. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ മേയര്‍ അധ്യക്ഷനാകുമെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം 24 മണിക്കൂറിനുള്ളില്‍ പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മേയര്‍ തിരഞ്ഞെടുപ്പിനുശേഷം, ഡെപ്യൂട്ടി മേയറുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അധ്യക്ഷനായി മേയര്‍ പ്രവര്‍ത്തിക്കും.

'ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 ആര്‍, 1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടിലെ സെക്ഷന്‍ 3(3) എന്നിവയെ 'അഡ്മിനിസ്ട്രേറ്റര്‍' നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തികളെ വിലക്കുന്നുണ്ട്. ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ല', ഷെല്ലി ഒബ്റോയിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയുടെ ഈ വാദം കോടതി അംഗീകരിച്ചു. 

ഡല്‍ഹി മുന്‍സിപ്പല്‍ ഭരണത്തില്‍ അനുഭവപരിചയമുള്ളവര്‍ക്ക് പകരം ഡല്‍ഹി എല്‍ജി വികെ സക്സേന ബിജെപി പ്രവര്‍ത്തകരെ നിയമവിരുദ്ധമായി നിയമിച്ചതായി എഎപി ആരോപിച്ചിരുന്നു. തുടര്‍ന്ന് സക്സേനയെ പാര്‍ട്ടി ഉപരോധിച്ചു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോമിനേറ്റഡ് അംഗങ്ങളെയും പ്രിസൈഡിംഗ് ഓഫീസറെയും (പിഒ) നിയമിച്ചതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. 

ബിജെപി-എല്‍ജി കൂട്ടുകെട്ടിനെതിരെ എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് രംഗത്തെത്തിയിരുന്നു. സോണ്‍ കമ്മിറ്റികളുടെ നിയന്ത്രണം ബിജെപിയെ ഏല്‍പ്പിക്കാന്‍ ഈ കൂട്ടുകെട്ട് പദ്ധതിയിട്ടെന്നായിരുന്നു ആരോപണം. ഡല്‍ഹി മേയറെ തീരുമാനിക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച അദ്ദേഹം ബിജെപി അംഗങ്ങളെ അവരുടെ നേട്ടത്തിനായാണ് നിയമിച്ചതെന്നും കുറ്റപ്പെടുത്തി.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഡിഎംസി) ആക്ട്, 1957 അനുസരിച്ച്, മേയറെയും ഡെപ്യൂട്ടി മേയറെയും സിവില്‍ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന സഭയുടെ ആദ്യ സെഷനില്‍ തന്നെ തിരഞ്ഞെടുക്കണം. എന്നാല്‍, മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നിട്ട് രണ്ട് മാസമായിട്ടും ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് അനിശ്ചിതാവസ്ഥയിലാണ്.

Share this story