ജനവിധിക്കൊരുങ്ങി ബീഹാർ: തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബറിൽ; വോട്ടെണ്ണൽ നവംബർ 14ന്
Oct 6, 2025, 16:45 IST

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. നവംബർ 6നും നവംബർ 11നുമാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആർ ഗ്യാനേഷ് കുമാർ പറഞ്ഞു. നവംബർ 14നാണ് വോട്ടെണ്ണൽ. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വെബ് കാസ്റ്റ് ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു
7.43 കോടി വോട്ടർമാരാണ് ബീഹാറിലുള്ളത്. ഇതിൽ 2.93 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളുമാണ്. 14 ലക്ഷം പേരാണ് പുതിയ വോട്ടർമാർ. സംസ്ഥാനത്താകെ 90,712 പോളിംഗ് സ്‌റ്റേഷനുകളുണ്ടാകും. ഇതിൽ 1044 എണ്ണം സ്ത്രീകൾ കൈകാര്യം ചെയ്യുന്ന പോളിംഗ് സ്‌റ്റേഷനായിരിക്കും
വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ ജൂൺ 24 മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 1ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്.