സര്‍ക്കാര്‍ കൈമാറുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ വേഗത്തില്‍ ഒപ്പിട്ട് മടക്കി നല്‍കണം; അനുമതി വൈകിപ്പിക്കുന്നതിന് എതിരെ സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ കൈമാറുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ കഴിവതും വേഗത്തില്‍ മടക്കി നല്‍കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച ഭരണഘടനയിലെ 200ാം വകുപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ സര്‍ക്കാര്‍ കൈമാറിയ 10 ബില്ലുകള്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചുള്ള സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. തുടര്‍ന്ന് ഗവര്‍ണറുടെ തീരുമാനം സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന ബില്ലുകളില്‍ നടപടി സ്വീകരിച്ചതായി ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് തീര്‍പ്പാക്കികൊണ്ടാണ് കോടതി ഗവര്‍ണര്‍മരോട് ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നതായി ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകനായ ദുഷ്യന്ത് ദവെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ ഒരാഴ്ചയ്ക്കുള്ളിലും ഗുജറാത്തില്‍ ഒരു മാസത്തിനുള്ളിലും തീരുമാനം വരുമ്പോള്‍ ബിജെപി ഇതര സര്‍ക്കാരുള്ള തെലങ്കാനയില്‍ തീരുമാനമില്ലെന്നും അദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.