​അഞ്ഞൂറ് രൂപ നോട്ടുകൾക്ക് മുകളിൽ കിടന്നുറങ്ങുന്ന ബിജെപി സഖ്യകക്ഷി നേതാവ്; വൈറലായതോടെ വിശദീകരണം

ദിസ്പൂർ: അഞ്ഞൂറ് രൂപ നോട്ടുകൾക്ക് മുകളിൽ കിടക്കുന്ന ചിത്രവുമായി യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) നേതാവ് ബെഞ്ചമിൻ‍ ബസുമതരി. ബിജെപി സഖ്യകക്ഷിയാണ് യുപിപിഎൽ. ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലായി. ഇതോടെ ഇതിനു വിശദീകരണവുമായി പാർട്ടി രംഗത്തെത്തി.

ബെഞ്ചമിൻ ബസുമതരി ഷർട്ട് ധരിക്കാതെ പണത്തിന് മുകളിൽ കിടന്നുറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ ബസുമതരിയെ ജനുവരി 10ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് യുപിപിഎൽ അധ്യക്ഷൻ പ്രമോദ് ബോറോയുടെ വിശദീകരണം. കൂടാതെ ചിത്രം അഞ്ച് വർഷം മുൻപ് എടുത്തതാണെന്നും ഫോട്ടോയിലുള്ള പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും പ്രമോദ് ബോറോ പറഞ്ഞു.

ബസുമതരിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനാൽ അദ്ദേഹം ചെയ്യുന്ന പ്രവർത്തികൾ തികച്ചും വ്യക്തിപരമായ കാര്യമാണെന്നും ഇതിനു പാർട്ടി ഉത്തരവാദിയല്ലെന്നും പ്രമോദ് ബോറോ മാധ്യമങ്ങളോട് പറഞ്ഞു.

Share this story