സർക്കാർ രൂപീകരണ ശ്രമങ്ങൾ ആരംഭിച്ച് ബിജെപി; എൻഡിഎയുടെ നിർണായക യോഗം ഇന്ന്

സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചു. സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി എൻഡിഎയുടെ നിർണായക യോഗം ഇന്ന് വിളിച്ച് ചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപെടാതിരിക്കാൻ എന്ത് വിട്ടുവീഴ്ചക്കും ബിജെപി തയ്യാറായേക്കുമെന്നാണ് സൂചന

അതേസമയം മന്ത്രിസഭാ രൂപീകരണത്തിൽ നിതീഷ് കുമാർ മറുപടി പറയാത്തതിൽ ബിജെപിക്ക് ആശങ്കയുണ്ട്. ഇന്നലെ നടത്തിയ ചർച്ചയിൽ നിതീഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് നടക്കുന്ന എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കുമെന്നാണ് വിവരം. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഏഴ് സ്വതന്ത്രർ എൻഡിഎയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്

ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരുന്നുണ്ട്. വൈകുന്നേരം ആറിന് മല്ലികാർജുന ഖാർഗെയുടെ വസതിയിലാണ് യോഗം. എൻഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാർട്ടികളെ ഒപ്പം നിർത്താനുള്ള ശ്രമമാണ് ഇന്ത്യ മുന്നണി നടത്തുന്നത്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കും. 

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് എൻഡിഎ പ്രതിസന്ധിയിലായത്. ഇതോടെ ഘടകകക്ഷികളുടെ നിലപാട് നിർണായകമായി. എൻഡിഎയിൽ തുടരുമെന്ന് ടിഡിപിയും ജെഡിയുവും അറിയിച്ചിട്ടുണ്ടെങ്കിലും ഉറപ്പാക്കാനായിട്ടില്ല. 240 സീറ്റുകളാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. കോൺഗ്രസ് 99 സീറ്റുകൾ സ്വന്തമാക്കി.
 

Share this story