ഡൽഹിയിലേക്കുള്ള ജലവിതരണം ബിജെപി തടയുന്നുവെന്ന് മന്ത്രി അതിഷി

atishi

ഡൽഹിയിലേക്കുള്ള ജലവിതരണം ബിജെപി തടയുന്നുവെന്ന് ആരോപിച്ച് ഡൽഹി മന്ത്രി അതിഷി മർലെന. ഹരിയാന സർക്കാർ മുഖേനയാണ് യമുന നദിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വെള്ളം തടഞ്ഞിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ആം ആദ്മി പാർട്ടിയെ ലക്ഷ്യമിട്ട് ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും അതിഷി ആരോപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തു. ഇതോടെ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവതാളത്തിലായി. കെജ്രിവാൾ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ഉപയോഗിച്ച് ബി.ജെ.പി അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചു. പക്ഷെ, ആ പദ്ധതി ലക്ഷ്യം കണ്ടില്ല. പിന്നീട് വിദേശ ഫണ്ടിംഗ് എന്ന പഴകിയ പ്രശ്‌നം ഉന്നയിച്ച് രംഗത്തുവന്നു.

ഇപ്പോൾ ഹരിയാന സർക്കാർ വഴി ബി.ജെ.പി യമുനയിൽ നിന്നുള്ള ജലവിതരണം നിർത്തിയിരിക്കുകയാണ്. മുമ്പൊരിക്കലും ഇത്തരം പ്രശ്നങ്ങൾ ഉയർന്നിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്ന് പോലും ജലക്ഷാമം സംബന്ധിച്ച പരാതികൾ ലഭിക്കാൻ തുടങ്ങിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞതെന്നും അതിഷി പറഞ്ഞു.

Share this story