പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

സുവേന്ദ്രു

കോൽക്കത്ത: ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ സുവേന്ദു സർക്കാർ ഉത്തരവിട്ടു. 100ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര‍്യങ്ങളും ആവശ‍്യമായ അനുമതിയും ഇല്ലെന്ന് സംസ്ഥാന തല സർവേയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എന്നാൽ അംഗീകാരമുള്ള മദ്രസകൾക്ക് തുടർന്നും പ്രവൃത്തിക്കാമെന്ന് ന‍്യൂനപക്ഷകാര‍്യ മന്ത്രി ക്ഷുദിറാം ടുഡു പറഞ്ഞു.

ഈ വർഷം ജൂൺ മുതലാണ് മദ്രസകളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര‍്യങ്ങൾ‌, അംഗീകാര നിലവാരം എന്നിവ വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സർവേ നടത്തിയത്. കാരണം കാണിക്കൽ‌ നോട്ടീസിന് ലഭിക്കുന്ന മറുപടിക്കു ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ‍്യക്തമാക്കി.

അംഗീകാരമുള്ളതും ഇല്ലാത്തതുമായ മദ്രസകളുടെ എണ്ണം കണ്ടെത്തുന്നതിനായി മുഖ‍്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി ആരംഭിച്ചതെന്ന് മന്ത്രി ക്ഷുദിറാം ടുഡു കൂട്ടിച്ചേർത്തു.

മദ്രസകൾക്കെതിരേ നിരന്തരം പരാതി ലഭിച്ചതായും ഇത്തരം മതപഠന കേന്ദ്രങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായ സംഭവങ്ങളുണ്ടെന്നും മന്ത്രി ദിലീപ് ഘോഷ് പറഞ്ഞു. സർക്കാർ നടപടിക്കെതിരേ വിമർശനവുമായി തൃണമൂൽ കോൺ‌ഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

Tags

Share this story