ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ടെന്ന് ബിജെപി; നിർണായക നീക്കങ്ങളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയിൽ ഭൂരിപക്ഷാഭിപ്രായം. രാജ്യത്തെ പരീക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വീഴ്ച വരുത്തിയ ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് പാർട്ടിയിലെ പൊതുവിലയിരുത്തൽ. മന്ത്രിയുടെ രാജി എന്ന ആവശ്യത്തോട് രാഷ്ട്രീയ സ്വയംസേവക് സംഘിനും (ആർഎസ്എസ്) യോജിപ്പില്ല.
ഒരു മന്ത്രിയെ പുറത്താക്കുന്നതല്ല പ്രശ്നങ്ങൾക്കുള്ള ശരിയായ പരിഹാരമെന്നും, സംവിധാനത്തിലെ അപാകതകൾ എന്നെന്നേക്കുമായി പരിഹരിക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി രംഗത്തുള്ള പ്രക്ഷോഭകരും. രാജിയില്ലാതെ ചർച്ചകൾക്ക് അർത്ഥമില്ലെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം രാജ്യവ്യാപകമായി കൂടുതൽ കടുപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
